DUBAINET

Breaking News

തൃക്കലങ്ങോട് പഞ്ചായത്തിലെ വാർത്തകൾക്കും www.karakunnunews.blogspot.com വിശേഷങ്ങൾക്കും സന്ദർശിക്കുക...

മഞ്ചേരി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക്: യാത്രക്കാര്‍ വലഞ്ഞു

മഞ്ചേരി: മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് മുടക്കിയത് യാത്രക്കാരെ വലച്ചു. കൊട്ടപ്പുറത്തിന് സമീപം തലേക്കരയില്‍ ഞായറാഴ്ച ബസ് ജീവനക്കാരെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പണിമുടക്കാണ് യാത്രാക്ലേശം രൂക്ഷമാക്കിയത്.

അപ്രതീക്ഷിതമായുണ്ടായ പണിമുടക്ക് വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേരെ വലച്ചു.

മഞ്ചേരിയില്‍ നിന്ന് കൊണ്ടോട്ടി, മോങ്ങം, വള്ളുവമ്പ്രം, മൊറയൂര്‍ ഭാഗത്തേക്കുള്ളവര്‍ക്കാണ് ഏറ്റവും ദുരിതമനുഭവിക്കേണ്ടിവന്നത്. കാരണം ഈ പ്രദേശങ്ങളിലേക്ക് കൂടുതലും സര്‍വീസ് നടത്തുന്നത് സ്വകാര്യബസ്സുകളാണ്. രാമനാട്ടുകരയിലേക്കും മറ്റും പോകേണ്ടവര്‍ മഞ്ചേരിയില്‍നിന്ന് മലപ്പുറത്തെത്തിയാണ് ഇവിടേക്ക് പോയത്. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്താത്തതും വിനയായി. മൂന്ന് ബസ്സുകളാണ് കെ.എസ്.ആര്‍.ടി.സി അധികം സര്‍വീസ് നടത്തിയത്.

അമ്പതോളം സ്വകാര്യബസ്സുകള്‍ സര്‍വീസ് നടത്തുന്ന ഈ റൂട്ടില്‍ ഇത് മതിയാകുമായിരുന്നില്ല. ഇതിന്റെ ഫലമായി രാവിലെയും വൈകിട്ടും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ജനത്തിരക്കേറി.

ഡ്രൈവര്‍മാരുടെയും ബസ്സുകളുടെയും കുറവുകാരണം കുറച്ച് സര്‍വീസുകള്‍ മാത്രമേ നടത്താന്‍ സാധിക്കൂവെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മഞ്ചേരിയില്‍ പ്രകടനം നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും തൊഴിലാളികള്‍ക്കുനേരെ ഉണ്ടാകുന്ന കയ്യേറ്റശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും തുടര്‍ന്നുനടന്ന യോഗം ആവശ്യപ്പെട്ടു. യോഗം അഡ്വ. കെ. ഫിറോസ്ബാബു ഉദ്ഘാടനംചെയ്തു. കെ. വിജയന്‍ അധ്യക്ഷതവഹിച്ചു. പ്രകടനത്തിന് മഹ്‌റൂഫ്, പാലായി ശിഹാബ്, ഷൗക്കത്തലി, സിയാദ്, ഫൈസല്‍, പി. ഷാജഹാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.